Sunday, October 05, 2008

മാഗസിന്‍ - പൂമ്പാറ്റ

മാഗസിന്‍ നിര്‍മ്മിക്കുക?
വിഷയം :പൂമ്പാറ്റ

ചിത്രം









കവിത

പൂമ്പാറ്റേ പൊന്‍പൂമ്പാറ്റേ,
തുമ്പത്തണലില്‍ വന്നാട്ടെ!
തുഞ്ചത്തല്‍പ്പമിരുന്നാട്ടെ!

ഇല്ല എനിക്കതു പറ്റില്ല,
ഇന്നെനിക്കൊത്തിരി പണിയുണ്ട്‌.
പണികഴിഞ്ഞാല്‍ കുളിയുണ്ട്‌,
കുളികഴിഞ്ഞൊന്നു മയങ്ങണ്ടേ?

പൂമ്പാറ്റേ പൊന്‍പൂമ്പാറ്റേ
ഞാന്‍ നിന്‍ കൂടെ പോരട്ടെ?
എന്നെ കൂട്ടിനു കൂട്ടാമോ?

പോരണമെങ്കില്‍ പോന്നോളൂ,
പണിയെടുക്കാന്‍ പോന്നോളൂ,
മധു നുകരാനായ്‌ പോന്നോളൂ,
മലരുകള്‍ ഉണര്‍ത്താന്‍ പോന്നോളൂ

പൂമ്പാറ്റേ പൊന്‍ പൂമ്പാറ്റേ!
ചേല തന്‍ നിന്‍കഥ ചൊന്നാട്ടെ,
ചേലുള്ള നിന്‍കഥ ചൊന്നാട്ടെ!,

കഥ പറയാം നീ കൂടെ വരൂ,
പാറും വഴി ഞാന്‍ കഥയോതാം.
മഴവില്ലല്ലോ നിറമേകി,
വര്‍ണ്ണച്ചിറകിന്നിരുപുറവും.
മധുരുചിയല്ലോ മികവേകി!
പാറാനായ്‌ ഈ ചുറു ചുറുക്ക്‌.

കഥ

ഞാന്‍ ഒരു ദിവസം പൂന്തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പൂമ്പാറ്റ പാറി വന്നു ഒരു പൂവില്‍ നിന്നു പൂന്തേന്‍ നുകരുന്നതു കണ്ടു.
ഞാന്‍ അതിനെ പിടിക്കാന്‍ അതിന്റെ പിറകെ ഓടിയപ്പോള്‍ അതു പാറി തൊട്ടടുത്ത ഉയരമുള്ള മാവിന്റെ മുകളിലേക്കു പറന്നു.
മാവു വളരെ ഉയരത്തിലായിരുന്നതിനാല്‍ അതിനെ പിടിക്കുക എളുപ്പമല്ലായിരുന്നു.
പൂമ്പാറ്റ താഴെ വരുന്നതും കാത്തു ഞാന്‍ ആ മാവിന്റെ ചുവട്ടില്‍ കുറേ നേരം കാത്തിരുന്നു.
കുറേ സമയം മുകളിലേക്കു നോക്കി കഴുത്തു വേദനിച്ചപ്പോള്‍ ഞാന്‍ താഴോട്ടു നോക്കി.
പിന്നീട്‌ പൂമ്പാറ്റയെ നോക്കിയപ്പോള്‍ അവിടെയൊന്നും കണ്ടില്ല.
എനിക്കു ദേഷ്യവും വാശിയും കൂടി.
അപ്പോള്‍ പുതിയ കുറേ പൂമ്പാറ്റകളുടെ ഒരു കൂട്ടം പൂന്തോട്ടത്തിലേക്കു പാറിവരുന്നതു കണ്ടു.
ഞാന്‍ വളരെ പതുക്കെ ശ്രദ്ധിച്ചു നടന്നു അതിലൊന്നിനെ പിടികൂടി.
അതിന്റെ ചിറകില്‍ നിന്നു വര്‍ണ്ണങ്ങളുള്ള പൊടി എന്റെ വിരലില്‍ പറ്റി.
അതിന്റെ ഭംഗിയുള്ള ചിറകു മുറിഞ്ഞു നാശമായി.
അതിന്റെ കുഞ്ഞിക്കണ്ണിലേക്കു നോക്കിയപ്പോള്‍ എനിക്കു പാവം തോന്നി.
അതൊരു പാവമായിരുന്നു.
ഞാന്‍ അതിനെ വിട്ടയച്ചു.
പക്ഷെ അതിനു മുന്‍പത്തെപ്പോലെ മറ്റുള്ളവരുടെ കൂടെ ഉയരത്തിലേക്കു പറന്നുയരാന്‍ കഴിഞ്ഞില്ല.
എനിക്കതു കണ്ടപ്പോള്‍ സങ്കടമായി.
പിന്നെ ഞാന്‍ ഒരിക്കലും പൂമ്പാറ്റകളെ പിടിച്ചിട്ടില്ല.
അവ പൂന്തോട്ടത്തില്‍ പറന്നു നടക്കുന്നതു കാണുന്നതായിരുന്നു പിന്നെ എനിക്കു ഏറെ സന്തോഷം.

സംഭാഷണം.

കുട്ടി:- പൂമ്പാറ്റേ! നിനക്ക്‌ എവിടെ നിന്നാണു ഇത്രയും ഭംഗിയുള്ള ചിറകുകള്‍ കിട്ടിയത്‌?
പൂമ്പാറ്റ:-ഇവ എനിക്കു ദൈവം തന്നതാണു മോനെ!
കുട്ടി:- ആ ദൈവത്തിനോടു പറഞ്ഞു എനിക്കും ഇതു പോലെ ഭംഗിയുള്ള ഉടുപ്പുകള്‍ തരാന്‍ പറയാമോ?
പൂമ്പാറ്റ:- നിനക്ക്‌ നിന്റെ മാതാപിതാക്കള്‍ തന്നെ ഭംഗിയുള്ള ഉടുപ്പുകള്‍ വാങ്ങിത്തരുന്നുണ്ടല്ലോ?
കുട്ടി:- ആ ഉടുപ്പുകള്‍ അണിഞ്ഞാല്‍ എനിക്കു നിന്നെപ്പോലെ മാനത്തു പറക്കാന്‍ സാധിക്കുന്നില്ലല്ലോ?
പൂമ്പാറ്റ:- പക്ഷെ നിനക്കു നിന്റെ മാതാപിതാക്കളുടെ മനസ്സില്‍ പറക്കാന്‍ പറ്റുന്നുണ്ടല്ലോ
കുട്ടി:- അതെ! അതാണു എന്റെ ഏറ്റവും വലിയ ഭാഗ്യം. ഈ തിരിച്ചറിവ്‌ തന്നതിനു വളരെ നന്ദി.

ലേഖനം

പൂമ്പാറ്റ വളരെ ഭംഗിയുള്ള ജീവിയാണ്‌.
പക്ഷെ അവയുടെ ആയുസ്സ്‌ വളരെ കുറവാണ്‌.
മുട്ട,പുഴു എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞാണ്‌ ഒരു ചിത്രശലഭം രൂപം കൊള്ളുന്നത്‌.
ഇലകള്‍ക്കടിയില്‍ ഒട്ടിച്ചു നിര്‍ത്തിയ മുട്ടകള്‍ വിരിഞ്ഞു ദിവസങ്ങള്‍ക്കു ശേഷം പുഴുവായി മാറുമ്പോള്‍ അവ ചെടിയുടെ പച്ച മുഴുവന്‍ തിന്നു നശിപ്പിക്കുന്നു. എന്നാല്‍ പ്യൂപ്പ ദശയില്‍ ഭക്ഷണം കഴിക്കാതെ വിശ്രമിക്കുന്ന ഇത്‌ പിന്നെ പ്യൂപ്പ പൊട്ടി പുറത്തു വരുന്നത്‌ ഭംഗിയുള്ള പൂമ്പാറ്റയായാണ്‌.
അപ്പോള്‍ അത്‌ പൂന്തേന്‍ ആണു ഭക്ഷിക്കുന്നത്‌.
പല വര്‍ണ്ണത്തിലും വലിപ്പത്തിലുമുള്ള ചിറകുകളുമായി ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്നതു കാണാന്‍ നല്ല ഭംഗിയാണ്‌.
ചെടികളില്‍ പരാഗണം നടത്താനും പൂന്തോട്ടത്തിനു ഭംഗി നല്‍കാനും പൂമ്പാറ്റകള്‍ സഹായിക്കുന്നു.