Saturday, October 18, 2008

ജീവനുള്ള മീനുകള്‍



ന്റെ പപ്പ ലീവില്‍ വന്നപ്പോള്‍ ഞങ്ങള്‍ കോഴിക്കോട്ടിലേക്ക്‌ ഒരു ഉല്ലാസയാത്ര പോയി.
പുലര്‍ച്ചെ തീരെ തിരക്കില്ലാത്ത റോഡിലൂടെ സ്പീടുള്ള ബസ്സിലിരുന്നു പിന്നിലേക്കു പായുന്ന മരങ്ങളേയും വീടുകളേയും നോക്കാന്‍ നല്ല രസമായിരുന്നു.
കാറില്‍ യാത്ര ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം ബസ്സില്‍ യാത്ര ചെയ്യാനാണ്‌.ബസ്സില്‍ നമുക്ക്‌ വളരെ ഉയരത്തിലിരുന്നു കാഴ്ച്ചകള്‍ കാണാം.

ബസ്സിറങ്ങിയ ഉടനെ ഞങ്ങള്‍ ബീച്ചിലേക്കാണു പോയത്‌.
അവിടെയും ഞാന്‍ കുറെ രസകരമായ കാഴ്ച്ചകള്‍ കണ്ടു.
കടലും വിശാലമായ ആകാശവും ദൂരെ നിര്‍ത്തിയിട്ടിടത്തു നീന്തിക്കളിക്കുന്ന ബോട്ടുകളും കാണാന്‍ നല്ല രസമായിരുന്നു. കടലിന്റെയും തിരമാലകളുടെയും ഭംഗി ഞങ്ങള്‍ കുറേ നേരം നോക്കി നിന്നു.


അപ്പോള്‍ ദൂരെ നിന്ന് ഒരു ബോട്ട്‌ എല്ലാരും ചേര്‍ന്നു എലേലം പാടി തുഴഞ്ഞു വരുന്നത്‌ ഞാന്‍ കണ്ടു.
ആ ബോട്ടിനുള്ളില്‍ മുഴുവനും പിടയുന്ന മത്സ്യങ്ങളായിരുന്നു.


ആ തോണി കരക്കു കയറ്റുന്ന കാഴ്ച നല്ല രസമായിരുന്നു.
ഒരു തലക്കല്‍ എല്ലാരും ചേര്‍ന്നു പിടിച്ചു വട്ടം ചുറ്റി കുറച്ചു മണലില്‍ കയറ്റി, പിന്നെ മറ്റേ തലയും അതേ പോലെ വട്ടം ചുറ്റിക്കയറ്റി.കുറേ അധ്വാനിച്ചാണവര്‍ തോണി മുഴുവന്‍ കരയില്‍ കയറ്റിയത്‌.അതിലെ മത്സ്യങ്ങളെ ഞാന്‍ കുറേ നേരം നോക്കി നിന്നു.


പിന്നെ ഞാന്‍ ബീച്ചിലൂടെ നനഞ്ഞ മണലില്‍ ചെരിപ്പിടാതെ നടന്നു.
തിരകള്‍ കൊണ്ടു വന്നിട്ട ചത്ത മത്സ്യത്തേയും,ഞണ്ടുകളേയും ഞാന്‍ ഏറെ കണ്ടു.

നടന്നു പോകുന്ന വഴിയില്‍ കടല്‍ത്തീരത്തു തന്നെ ഞങ്ങള്‍ ഒരു പാര്‍ക്ക്‌ കണ്ടു.ഞാന്‍ എന്റെ പപ്പയോടു ചോദിച്ചു.
"നമുക്ക്‌ ആ കാണുന്ന പാര്‍ക്കിലേക്കു പോകാം".
എന്റെ പപ്പ അവിടുണ്ടായിരുന്ന മതിലിലൂടെ പാര്‍ക്കിലേക്കു നോക്കി.
പപ്പ പറഞ്ഞു
"പാര്‍ക്കിന്റെ ഗയിറ്റ്‌ പൂട്ടിയിരിക്കുന്നു, വൈകുന്നേരമേ തുറക്കൂ"
അതു കേട്ടപ്പോള്‍ എനിക്കു വിഷമം തോന്നി.വൈകുന്നേരമാവാന്‍ ഇനിയും ഒരുപാടു മണിക്കൂര്‍ കഴിയണം.അതിനാല്‍ ഞങ്ങള്‍ അവിടെയുള്ള ഒരു അക്വോറിയത്തില്‍ കയറി. പക്ഷെ അതിലുള്ള അധികം മത്സ്യങ്ങളും ചത്തിരുന്നു. ഇരുപത്തി നാലു ചില്ലു കൂടുകളില്‍ അഞ്ചണ്ണത്തില്‍ മാത്രമേ മത്സ്യങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.
ആമയെ കാണുന്നതിനിടയില്‍ ആ കൂടിന്റെ തുരുമ്പിച്ച ഒരു കമ്പി തട്ടി എന്റെ ഇത്ത ശബിയുടെ കയ്യില്‍ മുറിവായതിനാല്‍ ഞങ്ങള്‍ പെട്ടന്നു അവിടന്നു പോന്നു.
അവിടെത്തെ അക്വോറിയ്ത്തിലെ ജീവനുള്ള മത്സ്യത്തെ കണ്ടപ്പോള്‍ എനിക്കും വീട്ടില്‍ അക്വോറിയത്തില്‍ മത്സ്യത്തെ വളര്‍ത്താന്‍ കൊതിയായി.മത്സ്യങ്ങള്‍ പിടയുന്നതിനെക്കാളും ചത്തുകിടക്കുന്നതിനെക്കാളും വളരെ ഭംഗിയുള്ള കാഴ്ച്ചയാണു അവരുടെ തുഴഞ്ഞു നടക്കല്‍.
എന്‍റെ ആഗ്രഹം പപ്പയോടു പറഞ്ഞപ്പോള്‍ അക്വോറിയം വില്‍ക്കുന്ന കടയിലേക്കു എന്നെ കൊണ്ടു പോയി.അവിടെ പലയിനം അക്വോറിയവും അതിലെ പലതരം മീനുകളേയും ഞാന്‍ കണ്ടു. അവിടെ നിന്നു ഞങ്ങള്‍ ഒരു അക്വോറിയം വാങ്ങി.

വിശന്നപ്പോള്‍ ഞങ്ങളെ മിഠായിത്തെരുവിലെ വസന്തഭവനിലേക്കാണു പിന്നെ പപ്പ കൊണ്ടു പോയത്‌. ഹോട്ടലില്‍ നിന്നു ഞങ്ങള്‍ നെയ്‌ റോസ്റ്റും മസാല ദോശയും കഴിച്ചു.
ഞങ്ങള്‍ തിയേറ്റിറിലേക്കു പോയി. തിരക്കഥ എന്ന്ന സിനിമയാണെന്നു കരുതി ഞങ്ങള് കയ്റിയ സിനിമ "മായബസാര്‍" എന്ന സിനിമയായിരുന്നു. പപ്പക്കും ഉമ്മിക്കും ഇഷ്ടമായില്ലങ്കിലും എനിക്കും ശബിക്കും നല്ല ഇഷ്ടമായി. മമ്മുട്ടിയങ്കിളിന്‍റെ നല്ല സ്റ്റന്‍ഡ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു മടങ്ങിപ്പോന്നു..