Monday, July 07, 2008

കരിവണ്ടും കുഞ്ഞനുറുമ്പുകളും

(ശാബുവിന്നു സ്നേഹപൂർവ്വം ഇതാ ഒരു കഥ)


കരിവണ്ടും കുഞ്ഞനുറുമ്പുകളും

പണ്ടു പണ്ടൊരു ഉദ്യാനത്തില്‍ അധ്വാനികളായ കുറേ ഉറുമ്പുകള്‍ വളരെ സമാധാനത്തോടെ സുഖമായി ജീവിക്കുകയായിരുന്നു.

ഉദ്യാനത്തിലെത്തുന്നവര്‍ക്കു രാത്രിയില്‍ വെട്ടം കിട്ടാനായി അവിടെ ഒരു വഴിവിളക്കു സ്ഥാപിച്ചു.


അതിലെ വെട്ടം കണ്ടു ദുഷ്ടനായ ഒരു കരിവണ്ടെവിടെന്നോ അവിടെയെത്തി.

ആ കരിവണ്ടു അഹങ്കാരി മാത്രമല്ലായിരുന്നു മഹാക്രൂരനും കൂടിയായിരുന്നു.

തനിക്കു പറക്കാനും നടക്കാനും ഒരുപോലെ കഴിയുമെന്നും, കട്ടിയുള്ള ശക്തമായ പുറന്തോടുള്ളതിനാല്‍ മറ്റു ചെറിയ ജീവികള്‍ക്കൊന്നും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലന്നുമവന്‍ എല്ലാരോടും വീമ്പിളക്കി.


ഉറുമ്പുകള്‍ ദിവസം മുഴുവന്‍ കഷ്ടപ്പെട്ടു അധ്വാനിച്ചു ശേഖരിച്ച ആഹാരം, ഇരുട്ടുന്നതിന്നു മുന്നേ മാളത്തിലെത്തിക്കാന്‍ ധൃതിയില്‍ ചുമന്നു ഓടിപ്പോകുമ്പോഴായിരിക്കും അഹങ്കാരിയും ക്രൂരനുമായ കരിവണ്ട്‌ ശീല്‍ക്കാരശബ്ദം പുറപ്പെടുവിച്ചും ശക്തമായി ചിറകുവീശിയും അവരുടെ തലക്കുമുകളിലൂടെ മൂളിക്കൊണ്ടു വട്ടംചുറ്റിപ്പറക്കുക.

പാവം ഉറുമ്പുകളുടെ വായില്‍ കടിച്ചുപിടിച്ച ആഹാരകഷ്ണങ്ങള്‍ അതോടെ ആ കാറ്റില്‍ പാറിപ്പോകും. വണ്ടുണ്ടാക്കുന്ന ശക്തമായ കാറ്റില്‍ ദൂരേക്കു പാറിപ്പോകാതിരിക്കാനായി അവ തറയില്‍ പറ്റിച്ചേര്‍ന്നു കിടക്കും.

അതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ലന്നു മനസ്സിലാവുമ്പോള്‍ കാറ്റിന്റെ ശക്തിയില്‍ കൂട്ടം തെറ്റാതിരിക്കാനായി അവര്‍ പരസ്പരം കൈകോര്‍ത്തു പിടിക്കും.

എതെങ്കിലും ഒരു പുല്ലിലെങ്കിലും പിടുത്തം കിട്ടാനവ പരക്കം പായും.


ഇതൊക്കെ കണ്ടു കരിവണ്ട്‌ പൊട്ടിപ്പൊട്ടിച്ചിരിക്കും.

അവന്‍ വീണ്ടും കുറച്ചു കൂടി താഴ്‌ന്നു പറന്ന്‌ അവരെ കൂടുതല്‍ പേടിപ്പിക്കും.

വീണ്ടും ശല്യപ്പെടുത്തും.


കരിവണ്ടിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഉറുമ്പുകള്‍ ആ ഉദ്യാനം വിട്ടു പോകാന്‍ പലതവണ ശ്രമിച്ചതാണ്‌.

എന്നെങ്കിലും ഒരു ദിവസം കരിവണ്ടു തന്റെ കഴിവുകേടു മനസ്സിലാക്കും.

അതോടെ അവന്റെ അഹങ്കാരം അസ്തമിക്കും അന്നേരം അവനു പശ്ചാത്തപിക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. അതുവരെ ക്ഷമിച്ചു ഈ തോട്ടത്തില്‍ തന്നെ കഴിഞ്ഞു കൊള്ളുക.

എന്നാണ്‌ അവര്‍ തീരുമാനിച്ചത്‌.


ഉറുമ്പുകള്‍ കരിവണ്ടിന്റെ ദൃഷ്ടിയില്‍ വരാതെ ഒളിച്ചും പാത്തും തറയില്‍ വീണ ആഹാരപദാര്‍ത്ഥങ്ങളും പഞ്ചസാരമണികളും ഭക്ഷിച്ചും സംഭരിച്ചും ഉള്ളതില്‍ സംതൃപ്തരായി ജീവിച്ചു.

ഒരു ദിവസം കരിവണ്ട്‌ അവന്റെ ഇഷ്ടാഹാരമായ അന്യജീവികളുടെ വിസര്‍ജ്യപദാര്‍ത്ഥ്യം ഉരുളയാക്കി ഉരുട്ടിയുരുട്ടി വരികയായിരുന്നു.

അപ്പോഴാണ്‌ അവന്‍ ഉറുമ്പുകള്‍ പഞ്ചസാരയും കടിച്ചു പിടിച്ചു വരിവരിയായി മാളത്തിലേക്കു പോകുന്നതു കണ്ടത്‌.


ഉറുമ്പുകള്‍ തന്റെ ആഹാരപദാര്‍ത്ഥം നോക്കി കളിയാക്കിച്ചിരിച്ചോ?

എന്നവനൊരു സംശയം തോന്നി.

സത്യത്തില്‍ അവക്കു അക്കാര്യത്തിലൊന്നും ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല.

പക്ഷെ കരിവണ്ടിനു അതു തന്നെ വീണ്ടും വീണ്ടും ആലോചിച്ചപ്പോള്‍ വല്ലാത്ത അപകര്‍ഷതാബോധം തോന്നി.

താന്‍ തിന്നുന്നത്‌ മറ്റു ജീവികളുടെ മലമാണല്ലോ എന്ന ചിന്തയും തന്നെക്കാള്‍ ശക്തി കുറഞ്ഞ ജീവികള്‍ നല്ല മധുരമുള്ള ഭക്ഷണമാണല്ലോ കഴിക്കുന്നത്‌ എന്ന ചിന്തയും അവനില്‍ ആത്മനിന്ദ ഉണ്ടാക്കി. അവന്‍ പ്രതികാരചിന്തമാത്രമുള്ള ജീവിയായി.


ദുര്‍ഗന്ധമുള്ള അവന്റെ തീറ്റ അവിടെയിട്ട്‌ അവന്‍ മടക്കിവെച്ച ചിറകുകള്‍ കറുത്തപുറന്തോടിനകത്തു നിന്നും ഗമയോടെ നിവര്‍ത്തി ശീല്‍ക്കാരശബ്ദമുണ്ടാക്കി ഒന്നുമറിയാത്ത പാവം ഉറുമ്പുകളുടെ നേരെ പറന്നു ചെന്നു.

പെട്ടന്നു വീശിയ ശക്തമായ കാറ്റിലും കാതടപ്പിക്കുന്ന ശബ്ദത്തിലും പെട്ട്‌ പാവം ഉറുമ്പുകള്‍ നാനാ വഴിക്കും ചിതറിപ്പോയി.

കരിവണ്ടു വീണ്ടും വീണ്ടും കൂടുതല്‍ ശക്തമായി, ഉറുമ്പുകളുടെ തലക്കു മീതെ ശബ്ദമുണ്ടാക്കി പറന്നു. അവയുടെ പ്രാണനും കൊണ്ടുള്ള ഓട്ടം കണ്ടവന്‍ പരിഹാസത്തോടെ അട്ടഹസിച്ചു ചിരിച്ചു.


പക്ഷെ അഹങ്കാരം കൊണ്ട്‌ അടഞ്ഞ കണ്ണുമായി അന്ധനായി തലങ്ങും വിലങ്ങും അതിവേഗത്തില്‍ പറക്കുന്നതിനിടെ തൊട്ടു മുന്നില്‍ പൂന്തോട്ടത്തിലെ ഉരുക്കുകൊണ്ടുള്ള ആ വിളക്കുകാലില്‍ തലയിടിച്ചവന്‍ "പടോ" എന്നു തറയില്‍ വീണു.

അവന്റെ കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍, കാലുകള്‍ മുകളിലായാണു വീണത്‌.


താഴെ നല്ല മിനുസമുള്ള സ്ഥലം. എഴുന്നേല്‍ക്കാന്‍ പലവട്ടം നോക്കി, പറ്റുന്നില്ല.

കൈകാലിട്ടിളക്കി നോക്കി. അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നീങ്ങുന്നതല്ലാതെ ഉടലു മറിയുന്നില്ല.


പലവട്ടം പലരീതിയില്‍ ശ്രമിച്ചിട്ടും ഒരു ഫലവും ഇല്ല എന്തിലെങ്കിലും ഒരു പിടുത്തം കിട്ടിയാല്‍ നിവര്‍ന്നു നില്‍ക്കാമെന്നു കരുതി ചുറ്റും നോക്കി.

പക്ഷെ അടുത്തൊന്നും ഒരു പുല്‍ക്കൊടി പോലും ഇല്ല.


ചിതറിക്കിടക്കുന്ന പഞ്ചസാരമണികള്‍ ക്ഷമയോടെ പെറുക്കിയെടുത്തു ഉറുമ്പുകള്‍ വീണ്ടും വരിവരിയായി പോകുന്നതവന്‍ ആ കിടപ്പില്‍ കിടന്നു കണ്ടു.

അവന്‍ നാണം കൊണ്ടു കണ്ണുചിമ്മി.

കാണാത്ത പോലെ കിടന്നു.


ഉറുമ്പുകള്‍ അതുവഴി കടന്നു പോയി. അവക്കെല്ലാം മനസ്സിലായി.


അന്നു രാത്രിമുഴുവന്‍ കരിവണ്ടങ്ങനെ മലര്‍ന്നു കിടന്നു.

നടവഴിയില്‍ കിടക്കുന്ന തന്റെ കറുത്തപുറന്തോടും അതിന്നുള്ളിലെ ഇത്തിരിപ്പോന്ന ജീവനും പുലര്‍ച്ചെ മുതല്‍ പാര്‍ക്കിലെത്തുന്ന അനേകം ഷൂവും ചെരിപ്പും ഇട്ട കാലുകള്‍ക്കൊന്നിനടിയില്‍ ഞെരിഞ്ഞു പൊടിപൊടിയാവുന്ന കാര്യം ഓര്‍ത്തപ്പോള്‍ അവന്‍ ശരിക്കും പേടിച്ചു വിറച്ചു.


ഏതു നിമിഷവും അടുത്തു വരാനിടയുള്ള മരണത്തിന്റെ കാലടിശബ്ദം കാതോര്‍ത്തവന്‍ കിടന്നു.

അന്ത്യം അടുത്തുവെന്നു ഉറപ്പായപ്പോള്‍ താന്‍ ചെയ്ത തെറ്റുകളെല്ലാം പൊറുത്തു തരണേ എന്നവന്‍ ദൈവത്തോടു മനമുരുകി ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

ഉച്ചത്തിലുള്ള ഈ പ്രാര്‍ത്ഥന കേട്ടു ഉറുമ്പുകള്‍ മാളത്തില്‍ നിന്നു പുറത്തു വന്നു.അവയുടെ ചെറിയ ഹൃദയത്തില്‍ വിശാലമായ ദയാദാക്ഷിണ്യം ഉണ്ടായിരുന്നു.


അവര്‍ ഒന്നിച്ചൊരു തീരുമാനമെടുത്തു.

പിന്നെ വരിവരിയായി വണ്ടിനടുത്തേക്കു ചെന്നു.


ലോകത്തെ തലകീഴിട്ടായെങ്കിലും അവസാനമായി ആര്‍ത്തിയോടെ നോക്കിക്കണുകയായിരുന്ന കരിവണ്ട്‌ ഭീതിദായകമായ ആ കാഴ്ച്ച കണ്ടു.

താന്‍ ഉപദ്രവിച്ച ഉറുമ്പുകളുടെ ഒരു നിര തന്റെ അടുത്തേക്കു വരുന്നു.

തന്നെ ജീവനോടെ തിന്നു തീര്‍ക്കാനാണ്‌ അവയുടെ വരവെന്നവന്‍ വീണ്ടും തെറ്റിദ്ധരിച്ചു. ജീവിതത്തിലാദ്യമായി കരഞ്ഞു കൊണ്ടവന്‍ പറഞ്ഞു.


“എന്നോടു പൊറുക്കണം.ഞാന്‍ ഇപ്പോള്‍ മരണവും പ്രതീക്ഷിച്ചു കിടക്കുകയാണ്‌.എന്നില്‍ നിന്നു ജീവന്‍ പൂര്‍ണ്ണമായി പിരിയുന്നതു വരെ എന്റെ ശരീരം തിന്നു തീര്‍ക്കരുതേ!ഞാന്‍ വളരെ അഹങ്കാരിയായിരുന്നു. ഞാന്‍ നിങ്ങളെ വല്ലാതെ ഉപദവിച്ചിട്ടുണ്ട്‌. നിങ്ങളോടു ചെയ്തതതിനൊക്കെ മാപ്പു തരണം.“


ഉറുമ്പുകള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അഹങ്കാരിയായ കരിവണ്ടു ഇത്രക്കും പാവമായോ?

അവര്‍ ഒന്നായി പറഞ്ഞു.സാരമില്ല.

“വിഷമിക്കേണ്ട!പാശ്ചാതാപമാണ്‌ ഏറ്റവും വലിയ പാപപരിഹാരം. ഞങ്ങള്‍ ഒന്നിച്ചു ശ്രമിച്ചാല്‍ താങ്കളെ രക്ഷിക്കാന്‍ കഴിയും.അതിന്നാണു ഞങ്ങള്‍ വീണ്ടും വന്നത്‌“
അവര്‍ വിളക്കുകാലില്‍ തൂങ്ങിക്കിടന്നിരുന്ന ഒരു നൂലു ഏലേലം പാടി, ഒന്നിച്ചു ചേര്‍ന്നു വലിച്ചു അതിന്റെ അറ്റം വണ്ടിന്റെ കാലില്‍ കൊണ്ടുവന്നു വെച്ചു.
നൂലില്‍ പിടുത്തം കിട്ടിയപ്പോള്‍, കരിവണ്ടു അതില്‍ തൂങ്ങി നിവര്‍ന്നു.
അവനു ആശ്വാസമായി.
അവന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്നു.
ഉറുമ്പുകള്‍ നന്ദിവാക്കൊന്നും പ്രതീക്ഷിക്കാതെ അവരുടെ പണി ചെയ്ത ക്ഷീണം മാറ്റാന്‍ നന്നായൊന്നു കുളിച്ചു കിടന്നുറങ്ങാന്‍ പോയി.